12:18am 18 November 2026
NEWS
ലോക സി ഒ പി ഡി ദിനം നവംബര്‍ - 18
17/11/2026  11:49 AM IST
Health Desk
ലോക സി ഒ പി ഡി ദിനം  നവംബര്‍  - 18

 

ശ്വാസംമുട്ടലും വിട്ടുമാറാത്ത ചുമയും പ്രായത്തിന്റെ സ്വാഭാവിക ലക്ഷണങ്ങളായി കണ്ട് അവഗണിക്കുന്നവരില്‍ പലരും തിരിച്ചറിയാതെ പോകുന്ന ഗുരുതരമായ ശ്വാസകോശരോഗമാണ് ക്രോണിക് ഒബ്സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് (സി.ഒ.പി.ഡി.). രോഗലക്ഷണങ്ങള്‍ പ്രകടമായിട്ടും കൃത്യമായ രോഗനിര്‍ണയം നടക്കാതെ പോകുന്നത് രോഗത്തിന്റെ തീവ്രത വര്‍ധിപ്പിക്കാനും ജീവിതനിലവാരത്തെ ബാധിക്കാനും ഇടയാക്കുന്നു. ഈ സാഹചര്യത്തില്‍, സി.ഒ.പി.ഡി.യുടെ നേരത്തെയുള്ള രോഗനിര്‍ണയത്തിന്റെയും ഫലപ്രദമായ ചികിത്സയുടെയും പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നതിനായി 2026 നവംബര്‍ 18-ന് ലോക സി.ഒ.പി.ഡി. ദിനം ആചരിക്കുന്നു. ഗ്ലോബല്‍ ഇനിഷ്യേറ്റീവ് ഫോര്‍ ക്രോണിക് ഒബ്സ്ട്രക്റ്റീവ് ലംഗ് ഡിസീസ് (GOLD) യുടെ നേതൃത്വത്തില്‍ ആചരിക്കുന്ന ദിനത്തിന്റെ ഈ വര്‍ഷത്തെ പ്രമേയം 'മെച്ചപ്പെട്ട ജീവിതത്തിനായി നേരത്തെയുള്ള രോഗനിര്‍ണയവും ചികിത്സയും' (Early Diagnosis and Management for a Better Life) എന്നതാണ്. പുകവലി മാത്രമല്ല, വായുമലിനീകരണം, വീടിനുള്ളില്‍ പാചകത്തിനായി വിറക് ഉള്‍പ്പെടെയുള്ള ഖര ഇന്ധനങ്ങള്‍ കത്തിക്കുമ്പോഴുണ്ടാകുന്ന പുക, തൊഴില്‍സംബന്ധമായ പൊടി, രാസവസ്തുക്കള്‍ എന്നിവയും രോഗസാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണെന്ന സന്ദേശവും ഈ ദിനാചരണം മുന്നോട്ടുവയ്ക്കുന്നു.

ശ്വാസകോശ പ്രവര്‍ത്തന പരിശോധന അല്ലെങ്കില്‍ സ്പൈറോമെട്രിയിലൂടെ ശ്വാസകോശാരോഗ്യം മാത്രമല്ല, നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ പറ്റിയും അറിയാന്‍ കഴിയുന്നു. സിഒപിഡി ഉള്‍പ്പെടെയുള്ള മറ്റു ശ്വാസകോശ രോഗങ്ങളുടെ നേരത്തെയുള്ള രോഗനിര്‍ണ്ണയത്തിനും ചികിത്സിക്കും കൃത്യമായ ഇടവേളകളിലുള്ള സ്പൈറോമെട്രി പരിശോധന വഴിയൊരുക്കുന്നു.  പുകയിലയുടെ ഉപയോഗം, വായു മലിനീകരണം, ശ്വാസകോശ സംബന്ധമായ അണുബാധകള്‍ എന്നിവ ഭാവിയില്‍ ശ്വാസകോശത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ഈ ശീലങ്ങള്‍ പിന്നീട് ജീവിതത്തില്‍ വിട്ടുമാറാത്ത ശ്വാസകോശരോഗങ്ങള്‍ ഉണ്ടാകാനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

എന്താണ് COPD?

COPD - Chronic Obstructive Pulmonary Disease, ശ്വാസനാളങ്ങള്‍ അടഞ്ഞു പോവുകയും ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനം വളരെ മന്ദഗതിയിലാകുകയും ചെയ്യുന്ന അവസ്ഥയാണ്. COPD യുടെ പ്രധാന ലക്ഷണം ആയാസമുള്ള ജോലികള്‍ ചെയ്യുമ്പോള്‍ അനുഭവപ്പെടുന്ന കിതപ്പും ശ്വാസതടസ്സവുമാണ്.  COPD പുരോഗമിക്കുമ്പോള്‍, പതിവായി ചുമ, ശ്വാസതടസ്സം, എന്നിവ അനുഭവപ്പെടാം. ഇത് തീവ്രമാകുമ്പോള്‍, ശരീരത്തില്‍ ഓക്സിജന്റെ അളവ് കുറയുകയും ക്രമേണ respiratory failure ആകാനും സാദ്ധ്യതയുണ്ട്.

 

COPD യുടെ അപകട ഘടകങ്ങള്‍

· പുകവലി

· വായു മലിനീകരണം

· ജനിതകം

· കുട്ടിക്കാലത്ത് ആവര്‍ത്തിച്ചുള്ള ശ്വാസകോശ സംബന്ധമായ അണുബാധകള്‍ ഉണ്ടാവുക

· പ്രായം

സ്ഥായിയായി ശ്വാസനാളങ്ങളെ ബാധിക്കുന്ന ഈ രോഗം WHO ന്റെ കണക്കനുസരിച്ച് മരണകാരണമായ രോഗങ്ങളില്‍ മൂന്നാമത്തെ സ്ഥാനത്താണ്.

90% COPD മരണങ്ങളും അവികസിത - വികസ്വര രാജ്യങ്ങളുലെ 70 വയസ്സിന് താഴെയുള്ളവരിലാണ് സംഭവിക്കുന്നത്. ലോകമെമ്പാടുമുള്ള അനാരോഗ്യത്തിന്റെ ഏഴാമത്തെ പ്രധാന കാരണമാണ് COPD. വികസിത രാജ്യങ്ങളില്‍ 70% സിഒപിഡിയുടെ കാരണം പുകവലിയാണ്. അതേസമയം അവികസിത - വികസ്വര രാജ്യങ്ങളില്‍, 30-40% സിഒപിഡി കേസുകളാണ് പുകവലി മൂലം ഉണ്ടാകുന്നത്, അന്തരീക്ഷ മലിനീകരണവും പുകയടുപ്പിലെ പുകയുമാണ് മറ്റു കാരണങ്ങള്‍.

പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ എന്തെല്ലാം?

സിഒപിഡിയെക്കുറിച്ചുള്ള അറിവ് രോഗ പ്രതിരോധത്തിന് വഴിയൊരുക്കുന്നു. സിഒപിഡിയെ ചെറുക്കുന്നതില്‍ അപകടസാധ്യതാ ഘടകങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് തീര്‍ത്തും ഒഴിവാക്കേണ്ടതാണ്.

നിങ്ങളുടെ ശ്വാസകോശത്തെ പരിപാലിക്കാന്‍ സ്വീകരിക്കേണ്ട മാര്‍ഗ്ഗങ്ങള്‍

· പുകവലി ഉപേക്ഷിക്കുക, ആതോടൊപ്പം മറ്റൊരാള്‍ പുകവലിക്കുമ്പോള്‍ ആ പുക ശ്വസിക്കാതിരിക്കുക.

· വീട്ടിലെ പുകയടുപ്പില്‍ നിന്നും മാലിന്യം കത്തിക്കുമ്പോഴും ഉള്ള പുക ശ്വസിക്കുന്നത് ഒഴിവാക്കുക.

· വ്യായാമം ചെയ്യുന്നത് ശീലമാക്കുക, അതുവഴി നിങ്ങളുടെ ശ്വാസകോശ പ്രവര്‍ത്തനവും പൊതുവായ ആരോഗ്യവും മെച്ചപ്പെടുത്താനാകും.

· പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതാനായി സമികൃതാഹാരം ശീലമാക്കുക.

· ആസ്ത്മ, പ്രമേഹം, ഹൈപ്പര്‍ടെന്‍ഷന്‍ തുടങ്ങിയ അസുഖങ്ങള്‍ നിയന്ത്രണ വിധേയമാക്കുക.

· COPD-യെക്കുറിച്ച് അവബോധരാവുക

· പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും പ്രകൃതിസൗഹൃദമായ ശീലങ്ങള്‍ പിന്തുടരാനും ഓരോരുത്തരും ശ്രദ്ധിക്കണം.

ചുരുക്കിപ്പറഞ്ഞാല്‍, ലോക COPD ദിനം ഒരാളുടെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം മനസ്സിലാക്കേണ്ടതിന്റെ പ്രാധാന്യത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ്. മൊത്തത്തിലുള്ള ആരോഗ്യം സംരക്ഷിക്കുന്നതിനു വേണ്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും ഈ ദിനം നമ്മെ പ്രചോദിപ്പിക്കുന്നു.

Dr. Sofia Salim Malik

Senior Consultant Pulmonologist,

Allergy, Immunology & Sleep Consultant

SUT Hospital, Pattom

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
HEALTH
img